അമിതവണ്ണം = ഹൃദ്രോഗം
- Dr. Ashokan Nambiar
- 16 September 2023
- Community Awareness
അമിതവണ്ണം കൊണ്ടുമാത്രം ധമനികളിൽ കൊഴുപ്പടിയുകയും നീർവീക്കം ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. ഹൃദയപേശിക്കേൽക്കുന്ന ഈ പ്രഹരങ്ങൾ ഹൃദയധമനീരോഗങ്ങളിലേക്കു നയിക്കാം. അതേ, ഉറപ്പിച്ചു പറയാം ‘അമിതവണ്ണം എന്നാൽ ഹൃദ്രോഗം തന്നെ…’
ഹൃദ്രോഗത്തിന് ഇടയാക്കുന്ന മറ്റ് ആപത്ഘടകങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തികളിലും അമിതവണ്ണം കൊണ്ടു മാത്രം ഹൃദയധമനി രോഗങ്ങൾ വരാം.
ഹൃദ്രോഗസാധ്യതയുടെ കാര്യത്തിൽ ആകെ വണ്ണത്തെക്കാൾ പ്രധാനം വയറിന്റെ ഭാഗത്തെ കൊഴുപ്പടിയലിനാണ്. വിസറൽ ഫാറ്റ് എന്ന ഈ കൊഴുപ്പ് വലിയ ആരോഗ്യഭീഷണിയാണ്.
ഭക്ഷണനിയന്ത്രണം വഴി മാത്രം വണ്ണം കുറയ്ക്കുന്നത് സ്ഥായിയാകില്ല. വ്യായാമവും വേണം. ജീവിതശൈലിയിൽ നിരന്തരമായി തിരുത്തലുകൾ വരുത്തണം.
അമിതവണ്ണം ഒട്ടേറെരോഗങ്ങളിലേക്കുള്ള പടിവാതിലാണ്. ലോകാരോഗ്യസംഘടന പറയുന്നത് ഓരോ
വർഷവും അമിതവണ്ണം മൂലം 28 ലക്ഷം പേരാണ് മരണമടയുന്നത് എന്നാണ്. അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങളിൽ ഇതു വലിയൊരു മഹാവ്യാധിയായി മാറിക്കഴിഞ്ഞു. അമേരിക്കയിൽ
പുകവലി കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാന മരണകാരണമാണ് അമിതവണ്ണം. കുട്ടികളിലെ അമിതവണ്ണവും വലിയ ഭീഷണിയാണ്. മുൻപ്, മുതിർന്നവരുടെ രോഗങ്ങളായി കരുതിയിരുന്ന ടൈപ്പ് 2 പ്രമേഹവും അമിത ബിപിയും പോലുള്ള ഹൃദ്രോഗ ആപത്ഘടകങ്ങളെല്ലാം ഇപ്പോൾ കുട്ടികളിലും കണ്ടുവരുന്നുണ്ട്. പ്രായമാകുന്നതിനോട് അനുബന്ധിച്ചുണ്ടാകുന്ന രോഗാവസ്ഥകളുടെ ആഴം കൂട്ടുവാനും കൂടുതൽ വൈകല്യങ്ങളിലേക്കു വീണുപോകാനും പ്രായമായവരിലെ അമിതവണ്ണം കാരണമാകാം.
കൂട്ടുപ്രതിയല്ല, പ്രധാനവില്ലൻ
അമിതവണ്ണമുള്ളവരിലെ മരണത്തിന് ഏറ്റവും പ്രധാന കാരണമാണു ഹൃദയധമനീ രോഗങ്ങൾ. മുൻപ് അമിതവണ്ണത്തെ ഹൃദ്രോഗത്തിനു കാരണമാകുന്ന ഒരു കൂട്ടുപ്രതി മാത്രമായാണ് ഗവേഷകർ കരുതിയിരുന്നത്. എന്നാൽ, പുതിയ ഗവേഷണങ്ങൾ പറയുന്നത് ഹൃദ്രോഗത്തിന്റെ കാര്യത്തിൽ അമിതവണ്ണം വെറും കൂട്ടുപ്രതിയല്ല, പ്രധാന വില്ലൻ തന്നെയാണെന്നാണ്. അതായത്, ബിപിയും കൊളസ്ട്രോളും ഷുഗർ നിരക്കും ഒക്കെ ആരോഗ്യകരമാണെങ്കിലും അമിതവണ്ണം മാത്രമായി ഹൃദയധ
മനീരോഗങ്ങൾ വരുത്താൻ സാധ്യതയുണ്ട്. മറ്റൊരു പ്രധാന കാര്യം കൂടി ഗവേഷകർ വെളിപ്പെടുത്തുന്നു. രോഗസാധ്യതയുടെ കാര്യത്തിൽ ആകെ എത്ര വണ്ണമുണ്ട് എന്നതിനേക്കാൾ പ്രധാനമാണ് ശരീരത്തിൽ എവിടെയൊക്കെയാണ് അധികവണ്ണം ഉള്ളത് എന്നത്. പ്രത്യേകിച്ച് ശരീരത്തിന്റെ മധ്യഭാഗത്തെ കൊഴുപ്പ് അടിയൽ വലിയൊരു ആരോഗ്യഭീഷണി ആണ്. ചുരുക്കത്തിൽ അമിതവണ്ണം സമം ഹൃദ്രോഗം എന്ന് ഉറപ്പിച്ചു പറയാമെന്നർത്ഥം.
ധമനീനാശത്തിലേക്കുള്ള വഴികൾ
എങ്ങനെയാണ് അമിതവണ്ണം നേരിട്ടു ഹൃദ്രോഗത്തിന് ഇടയാക്കുന്നതെന്നു നോക്കാം. ശരീരത്തിൽ അമിതമായുളള കൊഴുപ്പ്, പ്രത്യേകിച്ച് ഉദരഭാഗത്തെ കൊഴുപ്പ്, ഹൃദയധമനികളിൽ അതി
റോസ്ക്ലീറോസിസിലേക്കു നയിക്കുന്ന ഇൻഫ്ലമേഷൻ പ്രക്രിയയ്ക്കു തുടക്കം കുറിക്കുന്നു. മാത്രമല്ല, ഘടനാപരവും പ്രവർത്തനപരവുമായുള്ള മാറ്റങ്ങൾ ഹൃദയപേശികളിൽ വരുത്തുന്നു.
അമിതവണ്ണമുള്ളവരിലെ കൊഴുപ്പു കലകൾ (Adipose Tissue) ഒരു അന്തഃസ്രാവി ഗ്രന്ഥിപോലെ പ്രവർത്തിക്കു
ന്നു. ഈ കലകൾ ലെപ്റ്റിൻ, റെസിസ്റ്റിൻ, സൈറ്റോകൈൻ മുതലായിട്ടുള്ള ഇൻഫ്ലമേഷനു മുന്നോടിയായുള്ള ചില പ്രോട്ടീനുകളെ ഉൽപാദിപ്പിക്കുന്നു. മോണോസൈറ്റുകൾ പോലെയുള്ള പ്രതിരോധകോശങ്ങളും ശേഖരിക്കപ്പെടുന്നു. അതോടെ ഹൃദയ പേശികളിൽ നീരിനും അസാധാരണമായ ചില കോശപ്രവർത്തനങ്ങൾക്കും ഇടയാകുന്നു. ഇതിനെയാണ് ഇൻഫ്ലമേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇൻഫ്ലമേഷന്റെ ഫലമായി രക്തക്കുഴലുകളുടെ ഉൾവശത്തുള്ള ആവരണമായ എൻഡോതീലിയത്തിനു
നാശം സംഭവിക്കാം. എൻഡോതീലിയത്തിനു നാശം വന്നുകഴിയുമ്പോഴാണ് കൊഴുപ്പും കൊളസ്ട്രോളും മറ്റും
രക്തക്കുഴലുകളിൽ അടിഞ്ഞു കൂടാൻ തുടങ്ങുന്നത്. ഇതിനെയാണ് അതിറോസ്ക്ലീറോസിസ് എന്നു പറയുന്നത്.
കൊഴുപ്പ് അടിഞ്ഞുകൂടി ധമനികൾ അടയുന്നതോടെ ഹൃദയപേശികളിലേക്കു രക്തസഞ്ചാരം കുറയുന്നു.
ഇതു കാലക്രമേണ ഹൃദയാഘാതതലേക്കു നയിക്കാം.
ഇൻഫ്ലമേഷൻ ഉണ്ടാകുമ്പോൾ ശരീരത്തിലെ ഫാറ്റി ആസിഡുകളുടെ അളവിലും അനുപാതത്തിലും മാറ്റം വരുന്നുണ്ട്. സാന്ദ്രത കുറഞ്ഞ കൊഴുപ്പുകണങ്ങൾ (LDL) വർധിക്കും. സാന്ദ്രതയേറിയ ഗുണപരമായ കൊഴുപ്പ് (HDL) കുറയുകയും ചെയ്യും. ഇത് ഡിസ്‌ലിപിഡിമിയ അഥവാ രക്തത്തിലെ കൊളസ്ട്രോൾ നില വർധിക്കുന്ന അവസ്ഥയിലേക്കു നയിക്കുന്നു. ഇൻസുലിൻ പ്രതിരോധത്തിനും ഇൻഫ്ലമേഷൻ ഇടയാക്കുന്നുണ്ട്. ഇതെല്ലാം ഹൃദ്രോഗസാധ്യത വർധിപ്പിക്കും.
താളംതെറ്റിക്കും, ജോലി കൂട്ടും
അമിത ശരീരഭാരം ഹൃദയത്തിന്റെ ജോലി ഭാരം വർധിപ്പിക്കുന്നു. മാത്രമല്ല, അതു ഹൃദയത്തിന്റെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ശേഷിയെ തകരാറിലാക്കുന്നു. ശരീരഭാരം കൂടുന്നത് അനുസരിച്ച് ഹൃദയത്തിനു വർധിച്ച തോതിൽ രക്തം പമ്പു ചെയ്യേണ്ടി വരുന്നു. തന്മൂലം ഹൃദയ പേശികൾക്കു വലുപ്പം വർധിക്കുന്നു. പേശികൾ കട്ടിയേറിയതും കടുപ്പുള്ളവയുമാകുന്നു. ഇതു ഹൃദയത്തിന്റെ സങ്കോചവികാസങ്ങളെ പ്രയാസമേറിയതാക്കുന്നു. ഒടുവിൽ ഹൃദയപരാജയത്തിലേക്ക് എത്തിക്കുന്നു.
അമിതവണ്ണം കാരണം ഹൃദയത്തിൽ സംഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങൾ ഹൃദയതാളവുമായി ബന്ധപ്പെട്ടുള്ള വൈദ്യുത സിഗ്നലുകളെയും ബാധിക്കുന്നുണ്ട്. ഇത് എട്രിയൽ ഫിബ്രിലേഷൻ പോലുള്ള ഹൃദയ താളപ്പിഴകൾക്കു കാരണമാകുന്നു. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ പിന്നീടിതു മാറ്റാൻ പ്രയാസമാണ്. താളംതെറ്റൽ നീണ്ടുനിന്നാൽ ഹൃദയത്തിന്റെ മുകൾ അറകളിലേക്കു പമ്പിങ് കൃത്യമല്ലാതെയായി രക്തക്കട്ട ഉണ്ടാകാം. ഈ രക്തക്കട്ട ഹൃദയവാൽവു വഴി പുറത്തെത്തി രക്തപര്യയനവ്യവസ്ഥയിലേക്ക് എത്തിയാൽ പ്രധാന രക്തക്കുഴലുകളിൽ തടസ്സം വരാം. ഇങ്ങനെ
പക്ഷാഘാതം വരാം. ഹൃദയത്തിന്റെ അറകൾക്കു വലുപ്പം കൂടി ഹൃദയപരാജയം സംഭവിക്കാം.
അമിതവണ്ണം നേരിട്ടു ഹൃദയത്തിലേൽപിക്കുന്ന പ്രഹരങ്ങൾ കൂടാതെ കൊളസ്ട്രോൾ നിരക്കുകൾ ഉയർത്തിയും രക്തസമ്മർദം വർധിക്കാൻ കാരണമായും പ്രമേഹം വഴിയും ഹൃദ്രോഗത്തിലേക്കു നയിക്കാം. അമിതവണ്ണത്തോടൊപ്പം മറ്റ് ആപത്ഘടകങ്ങൾ കൂടുന്നത് അനുസരിച്ച് ഹൃദ്രോഗസാധ്യത പതിന്മടങ്ങു വർധിക്കുന്നു.
വയറിലെ കൊഴുപ്പ് ഭീഷണി
സാധാരണ അമിതവണ്ണം അളക്കാനായി ബോഡിമാസ് ഇൻഡക്സ് (BMI) കണക്കാക്കുകയാണ് ചെയ്യുക. ശരീരഭാരത്തെ (കി. ഗ്രാം) ഉയരത്തിന്റെ (മീറ്ററിലുള്ള അളവ്) സ്ക്വയർ കൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന അളവാണ് ബിഎംഐ. അതായത് ബി.എം.ഐ.=ഭാരം/ (ഉയരംX ഉയരം). ഇത് 18.5 നും 24.9 നും ഇടയിലാണെങ്കിൽ ആരോഗ്യകരവും 25 നും 30 നും ഇടയ്ക്കാണെങ്കിൽ ശരീരഭാരം കൂടുതലായി (Over weight) കണക്കാക്കുകയും ചെയ്യുന്നു. 30–ൽ കൂടുതൽ അമിതവണ്ണത്തെയും (Obesity) 40–ൽ അധികമാകുന്നത് തീവ്രമായ പ്രശ്നത്തെയും (Severe Obesity) സൂചിപ്പിക്കുന്നു.
എന്നാൽ ബോഡിമാസ് ഇൻഡക്സും ഹൃദ്രോഗസാധ്യതയുമായുള്ള ബന്ധം അത്രകണ്ടു വ്യക്തമല്ല. ഉദാഹരണത്തിന് നല്ല പേശീഭാരമുള്ള ഒരാളിൽ ബിഎംഐ കൂടുതലായിരിക്കും. പക്ഷേ, അയാളിൽ കൊഴുപ്പുകോശങ്ങൾ കുറവായിരിക്കും. ഇത്തരം പൊരുത്തക്കേടുകൾ കൊണ്ടു തന്നെ ബിഎംഐയെക്കാൾ ഉദരഭാഗത്തെ കൊഴുപ്പാണ് (Abdominal obesity) ഹൃദ്രോഗസാധ്യതയിൽ പ്രധാനമെന്നു ഗവേഷകർ പറയുന്നു. ഈ
കൊഴുപ്പിനെ വിസറൽ ഫാറ്റ് എന്നു പറയുന്നു. ആമാശയം, കരൾ, ചെറുകുടൽ തുടങ്ങിയുള്ള അവയവങ്ങളെ
പൊതിഞ്ഞും വിസറൽ കൊഴുപ്പു കാണുന്നു. ധമനികളിൽ കൊഴുപ്പടിയലിനു കാരണമാകുന്ന തരമാണ് വിസറൽ കൊഴുപ്പ്.
കൊഴുപ്പ് അടിയൽ അറിയാം
- അരക്കെട്ട് അളവ്
ഉദരഭാഗത്തെ കൊഴുപ്പടിയൽ തിരിച്ചറിയാനുള്ള ഫലപ്രദമായ മാർഗം അരക്കെട്ട് അളവ് (Waist Circumference)
കണ്ടെത്തുകയാണ്. നമ്മുടെ വാരിയെല്ലിന് അടിയിലായി, ഇടുപ്പിനു മുകളിൽ, പൊക്കിളിനു തൊട്ടുമുകളിലാ
യി അളവെടുത്താൽ അരക്കെട്ട് അളവു കൃത്യമായി കണ്ടെത്താം. പുഷന്മാരിൽ 90 സെന്റിമീറ്ററിലും സ്ത്രീ
കളിൽ 80 സെന്റിമീറ്ററിലും കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഈ അളവു തെക്കനേഷ്യൻ, ചൈന, ജപ്പാൻ വംശജർ ക്കു പ്രത്യേകമായുള്ളതാണ്. യൂറോപ്യൻ, ആഫ്രിക്കൻ വംശജരായ പുരുഷന്മാരിൽ അരക്കെട്ടളവ് 94 സെന്റിമീറ്ററിനു മുകളിലായാൽ മാത്രമേ അപകടകരമായി കണക്കാക്കുന്നുള്ളു.
കാരണം, തെക്കനേഷ്യൻ, ചൈനീസ്, ജപ്പാൻ വംശങ്ങളിൽ പെട്ട ആളുകളിൽ സമാനമായ ശരീരഭാരമുള്ള യൂ
റോപ്യന്മാരെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും പേശീഭാരം കുറവുമാണ് കണ്ടുവരുന്നത്. തന്നെയുമല്ല ഇവരിൽ കുറച്ചു ഭാരം കൂടുമ്പോഴേ പ്രമേഹത്തിനും ഹൃദ്രോഗങ്ങൾക്കുമുള്ള സാധ്യത കൂടുന്നതായും കാണുന്നു.
- അരക്കെട്ട്–ഇടുപ്പ് അനുപാതം
ഹൃദയധമനീരോഗസാധ്യത മുൻകൂട്ടി അറിയുന്നതിന് ബിഎംഐയെക്കാൾ ഫലപ്രദം അരക്കെട്ട്–ഇടുപ്പ് അനുപാത (Waist-Hip ratio) ആണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നു. അനുപാതം കണ്ടെത്താനായി അരക്കെട്ട് അളവിനെ ഇടുപ്പുഭാഗത്തെ അളവു കൊണ്ട് ഹരിക്കുക. അരക്കെട്ട്– ഇടുപ്പ് അനുപാതം പുരുഷനിൽ ഒന്നോ അതിൽ കൂടുതലോ ആയാലും സ്ത്രീകളിൽ 0.86 അല്ലെങ്കിൽ 0.86 ൽ കൂടുതൽ ആയാലും അപകടസാധ്യത കൂടുതലാണ്.
- അരക്കെട്ട്– ഉയരം അനുപാതം
അരക്കെട്ട് അളവും ഉയരവുമായുള്ള അനുപാതവും (Waist Height Ratio) വിസറൽ ഫാറ്റ് കണ്ടെത്താൻ സഹായിക്കും. ഇതിനായി അരക്കെട്ട് അളവിനെ ഉയരം (സെന്റിമീറ്ററിലുള്ള അളവ്) കൊണ്ട് ഹരിക്കുക. ഈ അനുപാതം 0.5 ൽ കൂടുന്നത് ആരോഗ്യകരമല്ല.
സി.ടി., എം.ആർ.ഐ. സ്കാനുകൾ ചെയ്താലും കൊഴുപ്പുകലകൾ എത്ര മാത്രമുണ്ടെന്നു തിരിച്ചറിയാനാകും. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആവരണമായ പെരികാർഡിയത്തിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പളവ് അറിയാൻ. ഇത് മറ്റു ഭാഗങ്ങളിലെ കൊഴു
പ്പിനേക്കാളും അപകടസാധ്യതയേറിയതാണ്.
ക്രാഷ് ഡയറ്റ് അപകടം
പൊണ്ണത്തടിയുള്ളവരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഭക്ഷണക്രമം ആരോഗ്യകരമാക്കിയും പതിവായി വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കണം. എങ്ങനെ വണ്ണം കുറയ്ക്കുന്നു എന്നതിനു പ്രാധാന്യമുണ്ട്. ഭക്ഷണം കുറച്ചു ഭാരം കുറച്ചാൽ അതു സ്ഥായിയാകണമെന്നില്ല. പ്രത്യേകിച്ച് ക്രാഷ് ഡയറ്റുകൾ കൊണ്ട് ഭാരം കുറച്ചാൽ കുറഞ്ഞ ഭാരം പെട്ടെന്നുതന്നെ തിരികെ വരാം മറ്റു പല അപകടങ്ങൾക്കും ഇടയാക്കാം. വിപണിയിൽ ലഭ്യമായുള്ള മരുന്നുകൾ കഴിച്ചു വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതും അപകടമാണ്.
മെഡിറ്ററേനിയൻ ഡയറ്റ് നല്ലത്
പച്ചക്കറികളും പഴങ്ങളും ധാരാളമടങ്ങിയ, ആരോഗ്യകരമായ കൊഴുപ്പു വിഭവങ്ങൾക്ക് മുൻതൂക്കം നൽകുന്ന മെഡിറ്ററേനിയൻ ഡയറ്റാണ് ഭാരം കുറയ്ക്കാൻ ഏറ്റവും ഉത്തമം. ജീവിതശൈലിയിലും തുടർച്ചയായ മാറ്റങ്ങളും തിരുത്തലുകളും കൊണ്ടു വരണം. മദ്യപാനം, പുകവലി പോലെയുള്ള ഹൃദ്രോഗ ആപത്ഘടകങ്ങളെ മാറ്റി നിർത്തണം. വ്യായാമം കൂടാതെ കഴിയുന്നത്ര ചലിക്കാനുള്ള അവസരങ്ങൾ കണ്ടെത്തിഉപയോഗപ്പെടുത്തണം. കാറിൽ ഓഫിസിൽ പോകുന്നവർ കാറ് അൽപം ദൂരെ പാർക്കു ചെയ്ത് നടന്നുപോവുക, ലിഫ്റ്റിനു പകരം കോണിപ്പടി കയറിയിറങ്ങുക, ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ മണിക്കൂർ കൂടുമ്പോഴും അഞ്ചു മിനിറ്റ് എഴുന്നേറ്റു നടക്കുക. ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കണം. ചിലരിൽ ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടുമാത്രം വിചാരിച്ചത്ര ഫലമുണ്ടാകില്ല. പ്രത്യേകിച്ച് ബി.എം.ഐ. 35 ൽ കൂടിയവരിൽ. ഇവരിൽ ബാരിയാട്രിക് സർജറി വേണ്ടിവരും. ശസ്ത്രക്രിയ വഴി വണ്ണം കുറയ്ക്കുന്നതും ഹൃദയത്തിനു ഗുണകരം തന്നെയാണ്. ശരീരഭാരവും അരക്കെട്ടളവും സാധാരണ നിലയിലേക്ക് എത്തിയാൽ ധമനികളിൽ സംഭവിക്കുന്ന കൊഴുപ്പടിയൽ പ്രക്രിയയായ അതിറോസ്ക്ലീറോസിസ് തിരുത്താമെന്നു പുതിയ പഠനങ്ങൾ പറയുന്നു
Share Us: