ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ
- അനു സോളമൻ
- 22 July 2023
- Testimonials
ഒരു ഛർദി തന്നെ മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചുവെന്ന് സുരേഷിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. അസാധാരണമായ ചികിത്സാനുഭവങ്ങൾ പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ വയനാട്ടുകാരൻ..
വയനാട്: സുൽത്താൻ ബത്തേരിയിലെ കല്ലൂരിൽ നിന്ന് നൂറ് കിലോമീറ്ററിലേറെ ദൂരമുണ്ട് കോഴിക്കോട്ടേക്ക്. മുത്തങ്ങ വന്യജീവി സങ്കേതത്തിനടുത്തുള്ള വീട്ടിൽനിന്ന് താമരശ്ശേരി ചുരവും പിന്നിട്ട് ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിക്കുമ്പോൾ മരണത്തി നും ജീവിതത്തിനുമിടയി ലെ അനിശ്ചിതത്വത്തിലായിരുന്നു സുരേഷ്. അത്വപൂർവ്വമായ ഒരു രോഗാവസ്ഥയിൽ നിന്ന് ഡോക്ടർമാർ പതുക്ക പതുക്കെ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
ഒരു ഛർദി, മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചുവെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ല സുരേഷിന്. ജീവൻ തിരിച്ചു പിടിച്ച ഓർമകൾ സുരേഷ് പങ്കുവച്ചു.
2021 ഒക്ടോബർ 30- ന് രാത്രി ചപ്പാത്തിയും കൂൺകറിയും പാൽകാപ്പിയും കഴിച്ചാണ് പതിവുപോലെ ഉറങ്ങാൻ കിടന്നത്. അർധരാത്രി കഴിഞ്ഞപ്പോൾ വയറിന് അസ്വസ്ഥത തോന്നി. രണ്ടുതവണ ഛർദിച്ചു. കാര്യമായൊന്നും പുറത്തേക്ക് വന്നില്ല. പിന്നീട് രണ്ടുതവണകൂടി ശക്തിയായി ഛർദിച്ചു. എന്നിട്ടും ഒന്നും പുറത്തേക്ക് വന്നില്ല. നെഞ്ചിൽ ആകെ നീറ്റലും വേദനയും. പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതയും. ബുദ്ധിമുട്ട് കൂടിയതോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെനിന്ന് വേദന സംഹാരിയാണ് നൽകിയത്. വീട്ടിൽ തിരിച്ചെത്തിയെങ്കി ലും ഉറങ്ങാൻ പറ്റിയില്ല. അസ്വസ്ഥതകൾ കൂടി. ശ്വാസം മുട്ടാൻ തുടങ്ങി. ഭാര്യയുടെ സഹോദരങ്ങളും ബന്ധുക്കളുമൊക്കെ വീട്ടിൽ ഉണ്ടായിരുന്നത് രക്ഷയായി. നേരം പുലരുമ്പോഴേക്കും വീണ്ടും ബത്തേ രിയിലെത്തന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോയി. അപ്പോഴേക്കും ബി.പി. കുറഞ്ഞു തുടങ്ങിയിരുന്നു.
ആദ്യമൊന്നും എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിൽ ഛർദിയുടെ അവശിഷ്ടങ്ങൾ കെട്ടിനിൽക്കുന്നുണ്ടെന്ന് മനസ്സിലായത്. അവിടെ വിദഗ്ധചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു. എത്രയും വേഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ ഡോക്ടർ ആവശ്യപ്പെട്ടു. ആംബുലൻസ് തയ്യാറാക്കി ബത്തേരിയിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ ഉച്ചയായി. ഭാഗ്യത്തിന് വലിയ ബ്ലോക്കുകളിലൊന്നും കുടുങ്ങാതെ ആംബുലൻസ് വൈകുന്നേരത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെത്തി. പ്രാഥമിക പരിശോധനകൾക്കുശേഷം സി.ടി. സ്കാൻ എടുത്തപ്പോൾ കാരണം വ്യക്തമായി അന്ന നാളം മുറിഞ്ഞുപോയിരിക്കു m3 (Esophagus Rupture). ശക്തമായ ഛർദിയിൽ അന്ന നാളം മുറിഞ്ഞ് തൊണ്ടയും ആമാശയവും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. ഛർദിച്ചതും മരുന്ന് കഴിച്ചതും വെള്ളം കുടിച്ചതുമെല്ലാം നെഞ്ചിൽ കെട്ടിക്കിടന്ന് അണുബാധയായിക്കഴിഞ്ഞു. ശ്വാസകോശത്തിനും ഹൃദയത്തിനുക്കെ ഭീഷണിയാവുന്ന തരത്തിലായിരുന്നു ഈ അണുബാധ.
ബോവർഹാവ്സ് സിൻഡ്രോം (Boerhaave’s Syndrome) എന്നറിയപ്പെ ടുന്ന ഈ രോഗാവസ്ഥ അപൂർവമാണ്. ഛർദിക്കുന്ന സമയത്ത് ആമാശയത്തിലെ ആഹാരം മുകളിലേക്ക് തള്ളിവരുമ്പോൾ അന്നനാളത്തിന്റെ മുകളിലെ വാൽവുകൾ തുറക്കും. അങ്ങനെയാണ് ഭക്ഷണാവ ശിഷ്ടങ്ങൾ പുറത്ത് പോകുന്നത്. എന്നാൽ സുരേഷിന്റെ കാര്യത്തിൽ ഈ വാൽവുകൾ തുറന്നില്ല. അതോടെ ഛർദിയുടെ സമ്മർദം അന്നനാള ത്തിനുണ്ടാവുകയും അത് പൊട്ടുകയുമാണുണ്ടായത്! ഇതോടെയാണ് ഭക്ഷണ അവശിഷ്ടങ്ങൾ ശ്വാസകോശത്തിനും ഹൃദയത്തിനും സമീപത്ത് അടിഞ്ഞുകൂടിയതും പിന്നീട് അണുബാധയുണ്ടായതും.
രോഗനിർണയം നടത്തിയ ഉടൻ സുരേഷിനെ ഐ.സി.യു.വിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. നെഞ്ചിൽ ദ്വാരങ്ങളിട്ട് ഛർദിലിന്റെ അവശിഷ്ടങ്ങൾ നീക്കുകയാ ണ് ആദ്യം ചെയ്തത്. ഫ്ലൂയിഡ് പുറത്തെടുത്തെങ്കിലും അണു ബാധയിടയാക്കിയ ഛർദി അവശിഷ്ടങ്ങൾ ശ്വാസകോശത്തിനു സമീപം ഏറെ നേരം കെട്ടി നിന്നതിനെത്തുടർന്ന് ശ്വാസകോശത്തിനു ചുറ്റും ഒരു ആവരണം രൂപപ്പെട്ടിരുന്നു. ഇതോടെ ശ്വാസകോശത്തിന് വികസിക്കാൻ സാധിക്കാതെ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായി. തുടർന്ന് ഈ ആവരണം നീക്കം ചെയ്യാൻ സർജറി നടത്തേണ്ടിവന്നു.
മുറിഞ്ഞ അന്നനാളം നെഞ്ചുതുറന്ന് തുന്നിച്ചേർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിവുണ്ടായിട്ട് 12 മണിക്കൂറോളം പിന്നിട്ടതിനാൽ സ്റ്റിച്ച് വിട്ടുപോകുന്ന അവസ്ഥയായിരുന്നു. അതുകൊണ്ട് അന്നനാളത്തിന്റെ രണ്ട് അറ്റങ്ങളിലെ ചെറിയ ഭാഗങ്ങൾ മാത്രം സംരക്ഷിച്ച് ബാക്കി മുറിഞ്ഞു പോയ ഭാഗങ്ങൾ നീക്കംചെയ്തശേഷം അണു വിമുക്തമാക്കി സീൽ ചെയ്തു. തുടർന്ന് തൊണ്ടയിലേക്കിറങ്ങുന്ന ഉമിനീർ ശേഖരിക്കാൻ കഴുത്തിൽ ദ്വാരമിട്ട് കൊളസ്റ്റമി ബാഗ് ഘടിപ്പിച്ചു. ഭക്ഷണം കഴിക്കാൻ വഴിയില്ലാത്തതിനാൽ വയറിൽ സർജറി നടത്തി ചെറുകുടലിലേക്ക് നേരിട്ട് ഒരു ട്യൂബ് ഘടിപ്പിച്ചു (Jejunostomy). ഇതിലൂടെ പ്രോട്ടീൻ പൗഡറും മറ്റ് പോഷകങ്ങളും കലർത്തിയ പ്രത്യേക ദ്രാവകം മുഴുവൻ സമയവും തുള്ളിതുള്ളിയായി ഒഴുകുന്ന തരത്തിൽ ഘടി പ്പിച്ചു. അങ്ങനെ ശരീരത്തിന് ആവശ്യമായ കലോറിയും പോഷകങ്ങളും ദിവസം മുഴുവനും ചെറുകുടലിലേക്ക് നൽകുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് 104 ദിവസം പിന്നിട്ടപ്പോൾ ആശുപത്രിയുടെ അടുത്തു തന്നെ ഒരു ഫ്ലാറ്റിലേക്ക് താത്കാലികമായി താമസം മാറ്റി. 65 കിലോഗ്രാം തൂക്കമുണ്ടായിരുന്ന സുരേഷ് അപ്പോഴേക്കും 44 കിലോഗ്രാമായി കുറഞ്ഞിരുന്നു. അപ്പോഴും തനിയെ ശ്വസിക്കാൻ സാധിച്ചിരുന്നില്ല. ഓക്സിജൻ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.
ചികിത്സ ആറുമാസത്തോളമായപ്പോൾ സുരേഷ് രക്ഷപ്പെടുമെന്ന് ഡോക്ടർമാർക്കും പ്രതീക്ഷയായി. അണുബാധ നിയന്ത്രണവിധേയമായി. രക്തസമ്മർദവും സാധാരണ നിലയിലായി. അതോടെ 2022 ഒക്ടോബറിൽ പുതിയ അന്നനാളം വെച്ചുപിടിപ്പിക്കാനുള്ള സർജറി നടത്തി. ആമാശയത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് കുഴൽ രൂപത്തിലാക്കി അന്നനാളത്തിന്റെ സ്ഥാനത്ത് വെച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. ആ സർജറി വിജയിച്ചു. ദ്രാവകരൂപത്തിലുള്ള ആഹാരം പുതിയ അന്നനാളത്തിലൂടെ സുരേഷ് ചെറിയ തോതിൽ കഴിച്ചു തുടങ്ങി.
യഥാർഥ അന്നനാളത്തിന്റെ എല്ലാ ഗുണങ്ങളും പുതുതായി വെച്ചുപിടിപ്പിച്ച അന്നനാളത്തിനുണ്ടായിരുന്നില്ല. അന്നനാളത്തിലൂടെ ഭക്ഷണം ആമാശയത്തിലെത്തുന്നത് അന്നനാളത്തിലെ പേശികളുടെ പ്രത്യേകതരം ചലനങ്ങളിലൂടെയാണ്. എന്നാൽ പുതിയ അന്നനാളത്തിന് അത്തരം സങ്കോച വികാസ കഴിവുകളില്ല. ഗുരുത്വാകർഷണത്തിന്റെ സഹായത്തോടെയാണ് കഴിക്കുന്ന ഭക്ഷണം ആമാശയത്തിലെത്തുന്നത്. എങ്കിലും വായിലൂടെ ഭക്ഷണം കഴിക്കാൻ സുരേഷിന് സാധിച്ചു. ആമാശയത്തിന്റെ ഒരു ഭാഗമെടുത്ത് അന്നനാളമുണ്ടാക്കിയതിനാൽ ആമാശയത്തിന്റെ വലുപ്പം കുറഞ്ഞു. അതുകൊണ്ട് കുറഞ്ഞ അളവിൽ ചെറിയ ഇടവേളകളിൽ മാത്രമേ ഭക്ഷണം കഴിക്കാനാവു.
ബത്തേരി ബ്ലോക്ക് ഓഫീസിലെ എൻജിനീയറായ സുരേഷ് ഒന്നേകാൽ വർഷത്തിനുശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ഭാരം 51 കിലോ. തൂക്കം മുൻപുണ്ടായിരുന്ന 65 കിലോയിലേക്ക് എത്തിക്കേണ്ടതുണ്ട്. ശ്വാസകോശത്തിന് ബലം ലഭിക്കുന്ന വ്യായാമങ്ങളും ചെയ്യുന്നു. ജോലിക്കിടെ ചെറിയ ഇടവേളകളിൽ ഈന്തപ്പഴവും കശുവണ്ടി യും ബദാമും മറ്റ് ചെറിയ ഭക്ഷണവുമെല്ലാം കഴിച്ചാണ് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നത്.
ചികിത്സാഘട്ടത്തിൽ ഒപ്പം നിന്നവരെക്കുറിച്ചാണ് സുരേഷിന് ഏറെ പറയാനു ള്ളത്.
“മൂന്നുമാസത്തോളം വെന്റിലേറ്ററിൽ തന്നെ തുടരേണ്ടി വന്നു. ഫ്ലാറ്റിലേക്ക് താമസം മാറ്റിയ കാലത്ത് താങ്ങും തണലുമായി നിന്നത് ഭാര്യ രജനിയും മകൻ ഗൗതം കൃഷ്ണയും ആയിരുന്നു. ഭാര്യയും സർക്കാർ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. മകൾ ഗായത്രിക്ക് ബി.ടെക് ഫൈനൽ പരീക്ഷയായിരു ന്നു. മകൻ പ്ലസ് റ്റു കഴിഞ്ഞ് എൻജിനീയറിങ്ങിന് ചേരാനൊരുങ്ങുന്ന സമയവുമായിരുന്നു അത്. എന്റെ ജീവൻ തിരിച്ചുപിടിക്കാൻ അവൻ ഉപേക്ഷിച്ചത് അവന് കിട്ടിയ എൻജിനീയറിങ് സീറ്റാണ്. രാവും പകലും എനിക്ക് കൂട്ടിരുന്ന്, എന്റെ ആരോഗ്യം വീണ്ടെടുത്തശേഷമാണ് അടുത്ത വർഷം എൻജിനീയറിങ്ങിന് ചേർന്നത്. ബി.ടെക് പൂർത്തിയാക്കിയ ഉടൻ കാമ്പസ് പ്ലേസ്മെന്റ് വഴി മകൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ലഭിച്ചത് ആശ്വാസമായി.
90 വയസ്സ് പിന്നിട്ട അച്ഛനുണ്ട് എനിക്ക്. ആരോഗ്യപ്രശ്നങ്ങളുണ്ട് അദ്ദേഹത്തിനും. ഞാൻ ഒറ്റ മകനാണ്. ബന്ധുക്കളാണ് അച്ഛന്റെ കാര്യങ്ങൾ ഏറ്റെടുത്തത്. ഞാൻ ആശുപത്രിയിലായിരുന്ന കാലം മുഴുവൻ ഒരു ബുദ്ധിമുട്ടും കൂടാതെ അവർ അച്ഛനെ പരിചരിച്ചു.
ഒരുവർഷം നീണ്ട ചികിത്സ യിലൂടെ നേരിടേണ്ടിവന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. ഇൻഷുറൻസിന്റെ തുകയും കൈയിലുണ്ടായിരുന്ന പണവുമെല്ലാം തീർന്നപ്പോൾ സഹായത്തിനെത്തി യത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഞാൻ പഠിച്ചത് കോഴിക്കോട് എൻ.ഐ.ടി. യിലാണ്. അവിടത്തെ എന്റെ ബാച്ച്മേറ്റ്സ് ഒന്നിച്ചിറങ്ങി എനിക്കായി വലിയ തുകകൾ എത്തിച്ചു. ഇതെല്ലാം ചേർത്താണ് ലക്ഷങ്ങൾ ചെലവുവന്ന ചികിത്സ ലഭിച്ച് എന്റെ ജീവൻ രക്ഷപ്പെട്ടത്.
അന്നനാളം മുറിഞ്ഞ് നാലോ അഞ്ചോ മണിക്കൂറിനകം വിദഗ്ധചികിത്സ ലഭിച്ചിരുന്നെങ്കിൽ അത് തുന്നിച്ചേർക്കാമായിരുന്നുവെന്നും ഇത്രയും പ്രതിസന്ധികൾ ഉണ്ടാകില്ലായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞപ്പോഴാണ് വയനാട്ടിലെ ചികിത്സാ സൗകര്യക്കുറവിന്റെ ദുരിതം മനസ്സിലായത്. വയനാട്ടിൽ ആശുപത്രികൾ ധാരാളമുണ്ടെങ്കിലും എല്ലാവിധത്തിലുള്ള ചികിത്സാസൗകര്യങ്ങളുമുള്ള ആശുപത്രി ഇപ്പോഴും ഇല്ല. അടിയന്തര സാഹചര്യം വന്നാൽ നൂറിലേറെ കിലോമീറ്റർ പിന്നിട്ട് കോഴിക്കോട് എത്തണം. ഏതുസമയത്തും ബ്ലോക്കുണ്ടാകാൻ സാധ്യതയുള്ള വഴിയാണ് താമരശ്ശേരി ചുരം. രോഗിയുടെ ജീവനുംകൊണ്ട് ചുരമിറങ്ങുന്ന ആംബുലൻസുകൾ പോലും പലപ്പോഴും ബ്ലോക്കിൽ കുടുങ്ങും. കോഴിക്കോട് എത്തുമ്പോഴേക്കും രോഗിക്ക് ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടും അല്ലെങ്കിൽ മരണത്തിന് കീഴടങ്ങേണ്ടി വരും എന്ന അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥലത്തുനിന്ന് രാത്രി ആശുപത്രി വരെ എത്തുക തന്നെ ഒരു സാഹസമാണ്. എത്രയും പെട്ടെന്ന് വയനാട്ടിൽ മികച്ച ചികിത്സാസൗകര്യമുള്ള ആശുപത്രി യാഥാർത്ഥ്യമാക്കണമെന്ന അഭ്യർഥന കൂടി എനിക്കുണ്ട്.
വയനാട്ടിൽ ജീവിക്കുന്ന എല്ലാ മനുഷ്യരുടേയും പൊതുവായ ആശങ്ക പങ്കുവച്ചുകൊണ്ടാണ് സുരേഷ് ആ സംസാരം അവസാനിപ്പിച്ചത്.
Share Us: