പൊള്ളൽസംഭവിച്ചാൽ
- 22 July 2023
- Community Awareness
ശരീരത്തിന്റെ എത്ര ശതമാനം ഭാഗത്തെ ബാധിച്ചിട്ടുണ്ട് എന്നതിന് അനുസരിച്ചാണ് പൊള്ളലിന്റെ തീവ്രത കണക്കാക്കുന്നത്. 20 ശതമാനത്തിൽ കൂടുതൽ ഉള്ള പൊള്ളലുകൾ ഗുരുതരമാണ്.
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഗാർഹിക അത്യാഹിതങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് പൊള്ളൽ. പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ മൂലമോ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായോ പൊള്ളൽ ഉണ്ടാകാം. ഗ്യാസ്, മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ, അടുപ്പിൽ നിന്നോ വിളക്കിൽ നിന്നോ പടരുന്ന തീനാളം, തിളപ്പിച്ച വെള്ളം, നീരാവി, ഇടിമിന്നൽ, ഇലക്ട്രിക് ഷോക്ക് ഇവയെല്ലാം പൊള്ളലിന് കാരണമാകാം. ശരീരത്തിന്റെ എത്ര ശതമാനം ഭാഗത്തെ ബാധിച്ചിട്ടുണ്ട് എന്നതിന് അനുസരിച്ചാണ് പൊള്ളലിന്റെ തീവ്രത കണക്കാക്കുന്നത്. 20 ശതമാനത്തിൽ കൂടുതൽ ഉള്ള പൊള്ളലുകൾ ഗുരുതരമാണ്. 50 ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ അത് മരണകാരണമാകാം. മുഖം, കഴുത്ത്, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന പൊള്ളലുകൾ കൂടുതൽ അപകടകാരികൾ ആണ്. കുട്ടികളിലും പ്രായമായവരിലും പൊള്ളൽ കൂടുതൽ ആഘാതങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ തൊലിപ്പുറമേ ഉള്ള പൊള്ളൽ (Superficial burns), ആഴത്തിലുള്ള പൊള്ളൽ (Deep burns) എന്നിങ്ങനെ പൊള്ളലിനെ രണ്ടായി തിരിക്കാം. ആഴത്തിലുള്ള പൊള്ളലാണ് കൂടുതൽ അപകടകാരി എങ്കിലും വേദന കൂടുതൽ അനുഭവപ്പെടുക തൊലിപ്പുറത്തുള്ള പൊള്ളലിലാണ്.
പൊള്ളലേറ്റാൽ എന്തുചെയ്യണം
• പൊള്ളലേറ്റ ആളെ ഉടൻ സുരക്ഷിതമായ, വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റുക.
• പൊള്ളലേറ്റ ഭാഗത്ത് ധാരാളം ശുദ്ധജലം ഒഴിക്കുക. ടാപ്പ് തുറന്ന് പൊള്ളിയ ഭാഗത്ത് പതുക്കെ വെള്ളം ഒഴിക്കാം.
• പൊള്ളലേറ്റ ഭാഗത്ത് ധാരാളം ശുദ്ധജലം ഒഴിക്കുക. ടാപ്പ് തുറന്ന് പൊള്ളിയഭാഗത്ത് പതുക്കെ വെള്ളം ഒഴിക്കാം. അല്ലങ്കിൽ ഒരു കപ്പിൽ വെള്ളമെടുത്ത് പൊള്ളിയ ഭാഗത്ത് തുടർച്ചയായി ഒഴിക്കാം. കൈയിലോ കാലിലോ ആണ് പൊള്ളലേറ്റതെങ്കിൽ ഒരു ബക്കറ്റിൽ വെള്ളം എടുത്ത് പൊള്ളലേറ്റ ഭാഗം വെള്ളത്തിൽ മുക്കിവെയ്ക്കാവുന്നതാണ്. തുടർച്ചയായി 15- 20 മിനിറ്റ് ഇങ്ങനെ ചെയ്യുക. സാധാരണ താപനിലയിലുള്ള വെള്ളമാണ് ഇതിന് ഉപയോഗിക്കേണ്ടത്. ഐസോ, ഐസ് കോൾഡ് വാട്ടറോ ഉപയോഗിക്കുന്നത് നല്ലതല്ല. പൊള്ളൽ ഏറ്റതിന് ശേഷം എത്ര നേരത്തെ ഇങ്ങനെ ചെയ്യുന്നോ അത്രയും നല്ലതാണ്. പൊള്ളലേറ്റ ഭാഗത്തെ വേദനയും നീറ്റലും കുറക്കുന്നതിന് ഇത് സഹായിക്കുന്നു.
• പൊള്ളലേറ്റ ഭാഗത്ത് വാച്ച്, ആഭരണങ്ങൾ, ബെൽറ്റ് ഇവ ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യണം. പിന്നീട് നീരു വന്നാൽ അവ നീക്കാൻ പ്രയാസമായേക്കാം.
• ദേഹം മുഴുവനോ, ശരീരത്തിന്റെ 50 ശതമാനത്തിൽ കൂടുതലോ പൊള്ളിയിട്ടുണ്ടെങ്കിൽ നല്ല വൃത്തിയുള്ള തുണി കൊണ്ട് ശരീരം മൂടിയ ശേഷം ആശുപത്രിയിലേക്ക് എത്രയും വേഗം മാറ്റേണ്ടതാണ്.
ചെയ്യാൻ പാടില്ലാത്തത്
നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന പ്രവണതയാണ് പൊള്ളിയ ഭാഗത്ത് ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവയൊക്കെ പുരട്ടുന്നത്. ഇവ ഗുണത്തേക്കാൾ ഏറെ ദേഷം വരുത്തിവെക്കാം. പൊള്ളലേറ്റ് ചർമത്തിന് ക്ഷതമേൽക്കുമ്പോൾ തന്നെ നമ്മുടെ രോഗപ്രതിരോധശക്തിക്ക് കോട്ടം തട്ടും. അവിടെ ഇതുപോലുള്ള വസ്തുക്കൾ പുരട്ടുന്നത് അണുബാധ ക്ഷണിച്ചുവരുത്തുന്ന കാര്യമാണ്.
• പൊള്ളിയ ഭാഗത്ത് ചിലപ്പോൾ കുമിളകൾ രൂപപ്പെടാറുണ്ട്. ചിലർ അത് പൊട്ടിച്ചുകളയാൻ ശ്രമിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് അണുബാധയ്ക്ക് കാരണമാകാം. പൊട്ടാൻ സാധ്യതയുള്ള ഭാഗത്താണ് കുമിളകൾ ഉള്ളത് എങ്കിൽ വൃത്തിയുള്ള അയഞ്ഞ തുണി വെച്ച് അത് മൂടി വയ്ക്കാവുന്നതാണ്. പൊള്ളലേറ്റ ഭാഗം ഉണങ്ങുമ്പോൾ കുമിളയുടെ അടിഭാഗത്താണ് പുതിയ ചർമം വരുന്നത്. പുറമേയുള്ള ദ്രവിച്ച കോശങ്ങൾ ക്രമേണ കൊഴിഞ്ഞുപോകും.
• പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അവ ഒരിക്കലും ബലം ഉപയോഗിച്ച് പറിച്ച് കളയാൻ ശ്രമിക്കരുത്. അത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
• പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അവ ഒരിക്കലും ബലം ഉപയോഗിച്ച് പറിച്ച് കളയാൻ ശ്രമിക്കരുത്.
Share Us: