ഇലക്ട്രിക് ഷോക്ക്
- Dr. Rinoop Ramachandran
- 22 July 2023
- Community Awareness
വൈദ്യുതി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും പലപ്പോഴും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലൂടെ അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇലക്ട്രിക് ഷോക്ക്, അല്ലെങ്കിൽ വൈദ്യുതാഘാതം മൂലം മൂന്ന് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം, പൊള്ളൽ, ഷോക്കേറ്റ് തെറിച്ചു വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ. ഇതിൽ ഏറ്റവും ഗുരുതരവും പെട്ടെന്നുള്ള മരണത്തിനുള്ള കാരണവുമാണ് ഹൃദയസ്തംഭനം. ഷോക്കേറ്റ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകുന്നതിന് മുൻപ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം വൈദ്യുതബന്ധം വിച്ഛേദിക്കുക എന്നതാണ്. ഇനി വൈദ്യുതബന്ധം വിച്ഛേദിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യുതിയുടെ ചാലകമല്ലാത്ത ഉണങ്ങിയ മരക്കഷണമോ, പ്ലാസ്റ്റിക് കസേരയോ ഉപയോഗിച്ച് ഷോക്കേറ്റ വ്യക്തിയെ വൈദ്യുതിയുടെ സ്രോതസ്സിൽനിന്ന് തട്ടിമാറ്റാവുന്നതാണ്. വൈദ്യുതിയുടെ ചാലകങ്ങളായ മെറ്റലുകൾ ഈ ആവശ്യത്തിനായി ഒരിക്കലും ഉപയോഗിക്കരുത്.
- വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനുശേഷം ഷോക്കേറ്റ വ്യക്തിക്ക് ബോധം ഉണ്ടോ എന്ന് നോക്കുക. ബോധമില്ല, തട്ടിവിളിച്ചിട്ടും ഉണരുന്നില്ല എങ്കിൽ സ്വയം ശ്വാസോച്ഛ്വാസം എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
- ശ്വാസമെടുക്കുന്നില്ല, പൾസ് ഇല്ല എങ്കിൽ ആ വ്യക്തിക്ക് ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കുകയും ഉടൻതന്നെ ജീവൻരക്ഷാ മാർഗമായ സി.പി.ആർ. തുടങ്ങുകയും ചെയ്യുക.
- ഷോക്കേറ്റ ആളെ പരന്ന പ്രതലത്തിൽ കിടത്തി, നെഞ്ചിന്റെ മധ്യഭാഗത്തായി നമ്മുടെ കൈയുടെ വെള്ള കൊണ്ട് ശക്തിയായി അമർത്തുക. 30 തവണ ഇങ്ങനെ ചെയ്തശേഷം രണ്ടുതവണ വായിലൂടെ കൃത്രിമശ്വാസം കൊടുക്കുക. വീണ്ടും 30 തവണ നെഞ്ചിൽ അമർത്തുക. രോഗിക്ക് ബോധം വരുന്നതുവരെയോ, മെഡിക്കൽ പരിചരണം ലഭിക്കുന്നതുവരെയോ ഈ പ്രക്രിയ തുടരുക.
- ഷോക്കേറ്റതിനുശേഷം ആൾക്ക് ബോധം ഉണ്ടെങ്കിൽ എന്തൊക്കെയാണ് പരിക്കുകൾ ഉള്ളത് എന്ന് നോക്കുക. പൊള്ളൽ ഏറ്റിട്ടുണ്ട് എങ്കിൽ അതിനുള്ള പ്രഥമ ശുശ്രൂഷ നൽകുക. വീഴ്ചകാരണമുള്ള പരിക്കുകൾ ഉണ്ടെങ്കിൽ നട്ടെല്ലിനെ സംരക്ഷിച്ചുകൊണ്ടുമാത്രം ആളെ ആശുപത്രിയിലേക്ക് മാറ്റുക.
Share Us: