പക്ഷാഘാതത്തിന് പ്രായമില്ല, ദിവസം ഒരു സിഗരറ്റ് മതി കിടപ്പിലാക്കാൻ !
- ഡോ. ഉമ്മർ കാരാടൻ
- 24 November 2023
- Community Awareness
പക്ഷാഘാതം, പരാലിസിസ് അഥവാ സ്‌ട്രോക്ക്. ഇന്ത്യയിൽ ഒരു മിനിറ്റിൽ മൂന്ന് പേർക്ക് സംഭവിക്കുന്നു. ലോകമെമ്പാടും ഒന്നേകാൽ കോടി ജനങ്ങൾക്ക് ഓരോ വർഷവും പക്ഷാഘാതമുണ്ടാകുന്നെന്നാണ് കണക്ക്. ഏകദേശം ഒരു ലക്ഷത്തിൽ 145 പേർക്ക് കേരളത്തിൽ പക്ഷാഘാതം ഉണ്ടാകുന്നുണ്ട്.
ലോക പക്ഷാഘാത സംഘടന (World Stroke Organisation) ഈ വർഷത്തെ മുദ്രാവാക്യമായി വിഭാവനം ചെയ്യുന്നത് ‘നമുക്കൊന്നായി പരമാവധി പക്ഷാഘാതത്തെ ചെറുക്കാം’ എന്നാണ്.
എന്താണ് പക്ഷാഘാതം, നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണല്ലോ തലച്ചോറ്, ഇതിനുണ്ടാകുന്ന രക്തയോട്ടക്കുറവ് അല്ലെങ്കിൽ രക്തസ്രാവം ഇത് കാരണമായി തലച്ചോറിന് വിവിധതരം ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഉദാഹരണം ഒരുഭാഗം തളർന്നുപോകുക, ചുണ്ട് കോടുക, നടക്കാൻ പറ്റാതെയാകുക, സംസാരിക്കുമ്പോൾ കുഴയുക, അല്ലെങ്കിൽ വാക്കുകൾ കിട്ടാതിരിക്കുകയോ, വാക്കുകൾ മനസ്സിലാവാതിരിക്കുകയോ ചെയ്യുക, കാഴ്ച നഷ്ടപ്പെടുക, ഓർമ നഷ്ടപ്പെടുക, ബാലൻസ് തെറ്റിപ്പോകുക, സ്പർശനം നഷ്ടപ്പെടുക, ഭക്ഷണം ഇറക്കാൻ പറ്റാതെയാകുക, വേച്ചുപോകുക, പെട്ടെന്ന് സ്വഭാവമാറ്റം ഉണ്ടാകുക, പെട്ടെന്ന് കേൾവി നഷ്ടപ്പെടുക, ബോധം നഷ്ടപ്പെടുക, രണ്ടായി കാണുക എന്നിവ ഇവയിൽ ചിലതു മാത്രമാണ്. പക്ഷേ ഇത് 90% ശതമാനവും തടയാൻ പറ്റുന്നതാണ് എന്ന് നാം മനസിലാക്കേണ്ടതുണ്ട്.
ഏറ്റവും ചുരുങ്ങിയത് സ്‌ട്രോക്കിന്റെ ആരംഭലക്ഷണങ്ങളായ മുഖം ഒരു ഭാഗത്തേക്ക് കോടുക, കൈ അല്ലെങ്കിൽ കാൽ ബലക്കുറവ് വരിക, സംസാരം കുഴയുക, കിട്ടാതിരിക്കുക (FAST – Face drooping, Arm weakness, slurred Speech Time) എന്നിവ വന്നാൽ അപ്പോൾ തന്നെ നിർബന്ധമായും ഒരു സ്ട്രോക്ക് റെഡി ഹോസ്പിറ്റലിൽ രോഗിയെ എത്തിക്കേണ്ടതാണ്. അതായത് രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ രോഗിക്ക് നിർബന്ധമായും കിട്ടേണ്ട ചികിൽസ ലഭ്യമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും അവിടെ ഉണ്ട് ഉറപ്പുവരുത്തേണ്ടതാണ്. ഓരോ അഞ്ച് സെക്കന്റിലും ഒരു പുരുഷനും ഓരോ നാല് സെക്കന്റിൽ ഒരു സ്ത്രീയും പക്ഷാഘാതത്തിന് വിധേയമാകുന്നുണ്ട്. പ്രായം കൂടുന്തോറും ഇതിന്റെ നിരക്കും കുടിയിരിക്കും. സ്ട്രോക്ക് ബാധിതരിൽ മൂന്നിൽ രണ്ടും 65 വയസ്സിന് മുകളിലുള്ളവരാണെങ്കിലും ഗർഭാശയത്തിലെ കുഞ്ഞിന് മുതൽ നൂറു വയസ്സിന് മുകളിൽ വരെ ഏതു പ്രായക്കാരിലും പക്ഷാഘാതം സംഭവിക്കാം. പക്ഷേ ഓരോ പ്രായക്കാരിലും ഇതിന്റെ കാരണങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആൾ കുഴയുകയാണെങ്കിൽ അല്ലെങ്കിൽ, ചിറി കോടുകയാണെങ്കിൽ അത് പക്ഷാഘാതമാണെന്ന് കരുതി രോഗിയെ ഉടനെ ആശുപത്രിയിലെത്തിക്കണം. അമാന്തം കാണിക്കരുത്. പലപ്പോഴും രോഗി വേദന പ്രകടിപ്പിക്കാത്തതിനാൽ ആളുകൾ ഇത് സാരമില്ല എന്ന നിലയിൽ അശ്രദ്ധ കാണിക്കാറുണ്ട്. പട്ടണങ്ങളിൽ ഉള്ള രോഗികൾ ആണെങ്കിലും പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞ് മാത്രമേ രോഗികൾ ചികിൽസ തേടുന്നുള്ളു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഡോക്ടർ ദമ്പതിമാരുടെ അച്ഛനെ ചികിൽസിക്കെത്തിച്ചത് 8 മണിക്കൂറുകൾക്ക് ശേഷമാണ്!
ഇവയിൽ പലതും പക്ഷാഘാതം തന്നെയാകണമെന്നില്ല- ഉദാഹരണം, പലതരം തലചുറ്റലുകൾ, ബോധക്കേട്, വീഴ്ച, വിറയൽ, തലവേദന തുടങ്ങിയവയും ആകാം. പക്ഷേ ഒരു വിദഗ്ദ ഡോക്ടറുടെ നിരീക്ഷണത്തിന് ഇവരെ വിധേയമാക്കേണ്ടതാണ്. രോഗിയെ പല ആളുകളും MRI ക്ക് വിധേയമാക്കാറുണ്ട്. എം.ടി. സ്കാൻ തന്നെ മതി 90% കേസുകളിലും 10 ശതമാനത്തിന് എം.ആർ.ഐ. വേണ്ടി വന്നേക്കാം, ഉദാഹരണത്തിന് രാവിലെ ഉറക്കമുണരുമ്പോൾ പക്ഷാഘാതമായി ഉണരുക, രോഗിക്ക് പക്ഷാഘാതമുണ്ടായ സമയം അറിയാതിരിക്കുക ഈ സന്ദർഭങ്ങളിൽ മാത്രം ഒരു രോഗിയുടെ ആദ്യത്തെ ടെസ്റ്റ് ആശുപത്രിയിൽ ചെന്നാൽ രക്തപരിശോധനയാണ്. പ്രമേഹം കാരണം ചില കാരണങ്ങളിൽ ഷുഗർ കുറഞ്ഞാലും ഇതുപോലെ സംഭവിക്കാം. പെട്ടെന്ന് തന്നെ രോഗിയെ പരിശോധിച്ച് സമയം കളയാതെ പക്ഷാഘാത സ്‌കോർ എത്രയാണെന്ന് നോക്കി, രോഗി എപ്പോഴാണ് നോർമലായി കണ്ടത് എന്ന് മനസ്സിലാക്കുക (Last known well) സി.ടി. സ്കാൻ എടുത്ത് നാലര മണിക്കൂറിന്റെ ഉള്ളിൽ രോഗിക്ക് നിർബന്ധമായും രക്തക്കട്ട അലിയിക്കാനുള്ള മരുന്ന് കൊടുക്കേണ്ടതാണ്. പക്ഷേ സ്‌കാനിൽ രക്തസ്രാവമുള്ളവർക്ക് ഇത് കൊടുക്കാൻ പാടുള്ളതല്ല. അലിയിക്കാനുള്ള മരുന്നു – ACTILYSE, TENECTASE (ആക്ടിലൈസ്, ടെനക്ടേയ്‌സ്) ഇത് പറ്റുമെങ്കിൽ ആദ്യത്തെ സുവർണ്ണ മണിക്കൂറിൽ തന്നെ രോഗിക്ക് കൊടുക്കണം, വൈകിക്കരുത്. പല ആളുകളും ഇത് കൊടുക്കാതിരിക്കുകയോ നിഷേധിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. അപൂർവ്വം കേസുകളിൽ രക്തസ്രാവം വരാറുണ്ട്. നൂറിൽ 5 ശതമാനം ആണെങ്കിലും ഇത് 2 ശതമാനത്തിൽ താഴെ മാത്രമേ കാണാറുള്ളു. ഇന്ത്യയിൽ അലിയിക്കുവാനുള്ള മരുന്ന് 2-3% മാത്രമേ രോഗികൾക്ക് കിട്ടുന്നുള്ളു, ഇത് മൂലം പക്ഷാഘാതം വന്ന രോഗികളിൽ ഭൂരിഭാഗവും കിടപ്പിലാവും. നമ്മളെല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ വളരെയധികം പേർക്ക് ഈ മരുന്നുകളുടെ ഗുണം ലഭിക്കും.
CT Scan ചെയ്യുമ്പോൾ രക്തക്കുഴലുകൾ അടഞ്ഞിട്ടുണ്ടോ എന്ന് നോക്കും സി.ടി. ആൻജിയോഗ്രാം (CT Angio) . പലതരം രക്തക്കുഴലുകളുണ്ട്.- കരോട്ട്, ബസിലാർ, മിഡിൽ സെറിബ്രൽ മുതലായവ. ഇവ അടഞ്ഞിട്ടുണ്ടെങ്കിൽ രോഗിയെ നാലര മണിക്കൂറിനുള്ളിൽ ആണെങ്കിൽ നേരിട്ട് കാത്ത്‌ലാബിലേക്കു കൊണ്ടുപോയി ആ ക്ലോട്ട് നീക്കം ചെയ്യും. ഇതിന് മെക്കാനിക്കൽ ത്രോംബക്ടമി എന്ന് പറയും. നാലര മണിക്കൂറിന് ശേഷമാണെങ്കിൽ 24 മണിക്കൂർ വരെ CT PERFUSION/MR PERFUSION (സിടി/എം.ആർ.ഐ പെർഫൂഷൻ) സ്‌കാൻ ചെയ്തിട്ട് ബ്രെയിൻ അധികം കേടുവന്നിട്ടില്ലെങ്കിൽ മെക്കാനിക്കൽ ത്രോംബക്ടമിക്ക് വിധേയമാക്കും. നൂറ് കണക്കിന് രോഗികളാണ് അങ്ങനെ നവജീവിതത്തിലേക്ക് കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതിവിധി, പുറമേയുള്ള ആശുപത്രിയിൽ വെച്ച് സി.ടി സ്കാൻ എടുത്ത് ഒരു SPOKE-HUB മാതൃകയിൽ ന്യൂറോളജിസ്റ്റുമായി ബന്ധപ്പെടുക. സി.ടി. സ്‌കാൻ വാട്‌സ് ആപ്പിലൂടെ നിമിഷത്തിനുള്ളിൽ അയക്കാവുന്നതാണല്ലോ. സി.ടി. സ്‌കാൻ റിസൾട്ടിന് ഒരിക്കലും കാത്തിരിക്കരുത്, അപ്പോഴേക്കും കോടിക്കണക്കിന് തലച്ചോറിലെ കോശങ്ങൾക്ക് കേടുപാട് വന്ന ശേഷമായിരിക്കും നമ്മൾ രോഗിയെ കാണുന്നത്.
DRIP & SHIP – ഡ്രിപ് ആന്റ് ഷിപ് -രോഗിക്ക് അലിയിക്കാനുള്ള മരുന്ന് കൊടുത്ത് ഒരു ആംബുലൻസിൽ രോഗിയെ വിദഗ്ദ ചികിത്സക്കയക്കുക. പലതരം കാരണങ്ങൾ പരാലിസിസിന് കാരണമാകാറുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഏറ്റവും പ്രധാനപ്പെട്ടതാണ്. 50% രോഗികൾക്കും ഇതാവാം കാരണം. മരുന്ന് കഴിച്ച് പ്രഷർ 160/100 നിന്ന് 150/90 ആയാൽപോലും 40% പക്ഷാഘാത സാധ്യത കുറയ്ക്കുന്നു. പ്രമേഹരോഗികളിൽ 2 മുതൽ 3 ഇരട്ടി പക്ഷാഘാതം സംഭവിക്കുന്നു. കൊളസ്‌ട്രോൾ 15% സാധ്യത കൂട്ടുന്നു. മദ്യപാനവും ഇതിനുള്ള സാധ്യത കൂട്ടുന്നു. രക്തസ്രാവവും ഇതിൽപ്പെടും. ഒരു സിഗരറ്റ് ദിവസത്തിൽ വലിച്ചാൽപോലും 30% സാധ്യതയാണുള്ളത് പക്ഷാഘാതം വരാൻ. ഹൃദയസംബന്ധമായ രോഗങ്ങൾ പ്രത്യേകിച്ച് മിടിപ്പിന്റെ തകരാർ (AF, ATRIAL FIBRILLATION) ആട്രിയൽ ഫിബ്രിലേഷൻ ഓരോ വർഷവും 5% സാധ്യത ഉണ്ടാക്കുന്നു, അതായത് 10 വർഷം കൊണ്ട് 50% ആളുകൾക്കും, അതുകൊണ്ട് തന്നെ ഇത് നിർബന്ധമായും ചികിത്സിക്കണം. മൈഗ്രേൻ തലവേദന, മയക്ക് മരുന്നുകൾ, ഇവ ഇതിന്റെ ചാൻസ് വർധിപ്പിക്കുന്നു.
ദിവസേനയുള്ള വ്യായാമം 26% പക്ഷാഘാതത്തെ ചെറുക്കുന്നു, അതുകൊണ്ടു തന്നെ ഇതിന് നിശ്ചയമായും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കണം ഉപ്പ് കുറയ്ക്കുക, മധുരം കുറയ്ക്കുക, എണ്ണ ഭക്ഷണങ്ങൾ കുറക്കുക, പച്ചക്കറിയും പഴങ്ങളും കഴിക്കുക, നമ്മുടെ ശരീരഭാരം ക്രമപ്പെടുത്തുക. BMI 20-25 ആക്കുക. ഇടക്ക് നമ്മുടെ ഹെൽത്ത് ചെക്കപ്പ് ചെയ്യുക. ചുരുങ്ങിയത് നമ്മുടെ രക്തസമ്മർദ്ദം, ഷുഗർ, കൊളസ്‌ട്രോൾ മുതലായവ. ഏറ്റവും ചുരുങ്ങിയത് 40 മിനിറ്റ് നടക്കുക. ഉറക്കം 6-8 മണിക്കൂർ നിർബന്ധമാണ്. നാം ശാന്തശീലരാകാൻ ശ്രമിക്കുക. മാനസിക സമ്മർദ്ദത്തിന് വിട നൽകുക. പ്രാർത്ഥന, യോഗ ശീലമാക്കുക. പലഭാഗത്തും പ്രത്യേകിച്ച് മലപ്പുറം, കണ്ണൂർ ഭാഗങ്ങൾ ഒരു സ്‌ട്രോക്ക് ബെൽറ്റാണെന്ന് തോന്നാറുണ്ട്. ഇതിന് നിർബന്ധമായും ഒരു ഹെൽത്ത് സർവേ അത്യാവശ്യമാണ്.
ചിലതരം സ്ട്രോക്ക്, സൈലന്റ് സ്ട്രോക്ക്, മിനി സ്‌ട്രോക്ക് (TIA) എന്നിവയുമുണ്ട് ഇതിനും ചികിൽസ നൽകണം. രോഗിയെ ഒരു (Stroke Unit)ൽ പ്രവേശിപ്പിക്കുക. മാനസിക പിരിമുറുക്കങ്ങൾക്ക് വിഷാദ രോഗവും 30-50% ഇവർക്കുണ്ടാകാറുണ്ട്, ഇത് പ്രത്യേകിച്ച് ശ്രദ്ധിക്കണം. പല രോഗികളും ആത്മഹത്യയുടെ വക്കിലൂടെ കടന്നുപോകാറുണ്ട്.
നേരത്തെയുള്ള ഫിസിയോതെറാപ്പി, ബോട്ടോക്സ് ചികിത്സ, ഒക്യുപേഷണൽ ആന്റ് സ്വാലോ തെറാപ്പി, സ്പീച്ച് തെറാപ്പി ഇതും അത്യാവശ്യമാണ്. രോഗികൾക്ക് നിർബന്ധമായും അവരുടെ അപകടസാധ്യത നോക്കി ചികിത്സ നൽകണം. അസ്പിരിൻ അത് പോലെയുള്ള മരുന്നുകൾ നിർത്തരുത്. ചില രോഗികൾക്ക് വീണ്ടും വീണ്ടും പക്ഷാഘാതം വരും. ഇവരെ കൂടുതൽ നിരീക്ഷിക്കേണ്ടതാണ്. ചില രോഗികളിൽ കഴുത്തിലെ രക്തധമനി ചുരുങ്ങിയിരിക്കും-കരോട്ടിഡ് ബ്ലോക്ക്/STENOSIS. ഇത് ആൻജിയോപ്ലാസ്റ്റി വഴി സുഖപ്പെടുത്താം. ഈയിടെയായി ചെറുപ്പക്കാരിലും പക്ഷാഘാതവും ഹൃദയാഘാതവും കൂടുതലായി കാണുന്നു. മയക്കുമരുന്ന്, എം.ഡി.എം.എ., പുകയില, വായിൽവെക്കൽ, മദ്യപാനം, വ്യായാമമില്ലായ്മ, പുകവലി, അമിത ശരീരവണ്ണം ഭക്ഷണത്തിൽ ശ്രദ്ധയില്ലായ്മ, ഫാസ്റ്റ്ഫുഡ് എന്നിവയൊക്കെയാണ് കാരണങ്ങൾ. നമുക്കൊന്നിച്ച് പക്ഷാഘാതത്തിനെതിരെ പടപൊരുതാം.
Share Us: