റോഡപകടം : പരിക്കേറ്റവരെ രക്ഷിക്കുമ്പോൾ
- 22 July 2023
- Community Awareness
അപകടത്തിൽപ്പെട്ടവരെ എങ്ങനെ ശരിയായ രീതിയിൽ ആശുപത്രിയിലേക്കു മാറ്റണമെന്നത് അറിഞ്ഞിരിക്കണം. ജീവൻ രക്ഷിക്കുന്നതിൽ അത് നിർണായകമായ കാര്യമാണ്
എ. ഐ. ക്യാമറയുടെ വരവോടെ, റോഡുസുരക്ഷയെക്കുറിച്ചും റോഡപകടങ്ങളെക്കുറിച്ചുമെല്ലാം ചർച്ചകൾ നടക്കുന്ന സമയമാണല്ലോ ഇപ്പോൾ. മെച്ചപ്പെട്ട റോഡുകളോ നല്ല റോഡ് സംസ്കാരമോ ഇല്ലാത്തതു കൊണ്ടു തന്നെ ഓരോദിവസവും നിരവധി അപകടങ്ങളാണ് റോഡുകളിൽ നടക്കുന്നത്. നാലായിരത്തിലധികം ജീവനുകളാണ് കഴിഞ്ഞവർഷം കേരളത്തിലെ റോഡുകളിൽ പൊലിഞ്ഞത്. പരിക്കേറ്റവർ അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ്. ശരിയായ സമയത്ത് കൃത്യമായ പ്രാഥമിക ശുശ്രൂഷ ലഭിക്കുകയാണെങ്കിൽ ഇവരിൽ ചിലരുടെയെങ്കിലും പിന്നീടുള്ള ജീവിതത്തിൽ അത് വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം. ഉദാഹരണത്തിന്, നട്ടെല്ലിന് പരിക്കുപറ്റിയ ആളെ ശരിയായ രീതിയിലല്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെങ്കിൽ അയാൾ കൈകാലുകൾ തളർന്ന് പിന്നീടുള്ള ജീവിതകാലം മുഴുവൻ കിടപ്പിലായേക്കാം.
പല വിദേശരാജ്യങ്ങളിലും ഒരപകടമുണ്ടായാൽ, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ (Pre-hospital paramedicals) ഉടൻ സ്ഥലത്തെത്തുകയും ആവശ്യമായ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. എന്നാൽ, നമ്മുടെ നാട്ടിൽ അങ്ങനെ കേന്ദ്രീകൃതമായ ഒരു പ്രീ ഹോസ്പിറ്റൽ സംവിധാനം ഇല്ലാത്തതുകൊണ്ട്, ഒരപകടം നടന്നാൽ അതിനടുത്തുള്ള ജനങ്ങൾ (First responder) ആണ് ആദ്യം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. അതുകൊണ്ടു തന്നെ അപകടത്തിൽപ്പെട്ടവരെ എങ്ങനെ ശരിയായ രീതിയിൽ ആശുപത്രിയിലേക്കു മാറ്റണമെന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. തലയ്ക്കുണ്ടാകുന്ന പരിക്ക് എല്ലുകളുടെ പൊട്ടൽ, നെഞ്ചിനും വയറിനുമുണ്ടാകുന്ന ആന്തരികമായ പരിക്കുകൾ, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകൾ ഇവയെല്ലാം മരണനിരക്കും രോഗാതുരതയും കൂട്ടുന്ന ഘടകങ്ങളാണ്. ഉയരത്തിൽനിന്ന് വീണവർ, വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കുപറ്റിയവർ തുടങ്ങിയവരിൽ നട്ടെല്ലിന് പരിക്കേൽക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. അത് നട്ടെല്ലിന്റെ കശേരുക്കളുടെ പൊട്ടലോ അതിന്റെ അകത്തുകൂടി പോകുന്ന സുഷുമ്നാനാഡിയുടെ ക്ഷതമോ ആകാം.
ആശുപത്രിയിലേക്ക് മാറ്റേണ്ട രീതി
കഴുത്തിന്റെ ചലനങ്ങൾ ഒഴിവാക്കുന്നതിന് ഒരു 60g (hard cervical collar) ഉപയോഗിച്ചും നട്ടെല്ലിന്റെ മറ്റുഭാഗങ്ങളിലെ ചലനങ്ങൾ കുറയ്ക്കുന്നതിന് കട്ടിയുള്ള സ്പൈൻ ബോർഡിൽ (spine board കിടത്തിയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് ഏറ്റവും അനുയോജ്യമായ രീതി. പക്ഷേ, നേരത്തേ സൂചിപ്പിച്ചതുപോലെ പലപ്പോഴും ഇത് സാധ്യമാകണമെന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ എന്താണ് ചെയ്യുകയെന്ന് നോക്കാം.
നട്ടെല്ലിന്റെ കാര്യത്തിലാണെങ്കിൽ പരിക്കേൽക്കാൻ ഏറ്റവും സാധ്യത കൂടുതലുള്ളതും പരിക്കേറ്റു കഴിഞ്ഞാൽ കൂടുതൽ അനക്കം സംഭവിച്ച് ഉള്ളിലുള്ള സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കുന്നതും കഴുത്തിനാണ്. അതുകൊണ്ട് കഴുത്താണ് ആദ്യം സപ്പോർട്ടു ചെയ്യേണ്ടത്. നമ്മുടെ കൈകളുപയോഗിച്ച്, പരിക്കേറ്റയാളുടെ കഴുത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നതിനായി manual in line stabilization എന്ന ടെക്നിക് ഉപയോഗിക്കാം. ഇതിനായി ചിത്രത്തിൽ (ചിത്രം 2, 3) കാണിച്ചിരിക്കുന്നതുപോലെ നമ്മുടെ കൈമുട്ടിന്റെ താഴെയുള്ള ഭാഗം പരിക്കേറ്റയാളുടെ തലയുടെ രണ്ടുഭാഗത്തും ചേർത്തുവെയ്ക്കുക. രണ്ട് തള്ളവിരലുകൾ ശരീരത്തിന്റെ മുൻഭാഗത്തും മറ്റ് നാലുവിരലുകൾ പുറകിലും വരുന്ന രീതിയിൽ പിടിക്കുക. ഇത് കഴുത്തിന്റെ ചലനങ്ങൾ കുറയ്ക്കുകയും നാഡികൾക്ക് കൂടുതൽ ക്ഷതം സംഭവിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.
60g (hard cervical collar) ലഭ്യമാണെങ്കിൽ ഇനി അത് ഇട്ടുകൊടുക്കാം. അല്ലെങ്കിൽ ചിത്രത്തിൽ (ചിത്രം 4, 5) കാണിച്ചിരിക്കുന്നതുപോലെ ഒരു ന്യൂസ് പേപ്പർ നീളത്തിൽ മടക്കി കഴുത്തിന് സപ്പോർട്ടു കൊടുക്കാവുന്നതാണ്. ഇനി ചെയ്യേണ്ടത് നട്ടെല്ലിന്റെ ബാക്കി ഭാഗങ്ങൾ സപ്പോർട്ടുചെയ്യുകയെന്നതാണ്. ഇതിനായി കുറഞ്ഞത് മൂന്നുപേരെങ്കിലും ആവശ്യമാണ്. ആദ്യത്തെയാൾ കഴുത്തിന്റെ സപ്പോർട്ട് തുടരുക. അടുത്തയാൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ (ചിത്രം 6, 7) തന്റെ ഒരു കൈ രോഗിയുടെ ഷോൾഡറിന്റെ താഴെയും മറ്റേ കൈ ഇടുപ്പിന്റെ താഴെയും വെയ്ക്കുക. മൂന്നാമത്തെയാൾ തന്റെ ഒരു കൈ രണ്ടാമത്തെയാളിന്റെ താഴെത്തെ കൈ ക്രോസ് ചെയ്യുകൊണ്ട് ഇടുപ്പിന്റെ മുകളിലായി വെയ്ക്കുക. മറ്റേ കൈ കാൽമുട്ടിന്റെ താഴെയായി വെയ്ക്കുക. എന്നിട്ട് മൂന്നുപേരും ഒരേസമയത്ത് ഒരു മരത്തടി ഉരുട്ടുന്നതു പോലെ ചെരിച്ചുപിടിക്കുക. അതുകൊണ്ടാണ് ഇതിന് Log roll method എന്നുപറയുന്നത്. കഴുത്ത് സപ്പോർട്ടു ചെയ്യുന്നയാളാണ് ഇത് ഏകോപിപ്പിക്കേണ്ടത്.
സാധാരണമായി ഒന്ന്, രണ്ട്, മൂന്ന് എണ്ണുമ്പോളാണ് ഇങ്ങനെ ചെരിക്കുന്നത്. സ്പൈൻ ബോർഡുണ്ടെങ്കിൽ അതോ, അല്ലെങ്കിൽ നീളമുള്ള ഒരു പലകയോ, ഇനി, ഇതൊന്നും ലഭിച്ചില്ലെങ്കിൽ കട്ടിയുള്ള ഒരു ബെഡ്ഷീറ്റോ താഴെ വെയ്ക്കുക. എന്നിട്ട് പരിക്കേറ്റയാളെ മൂന്നുപേരും ഒരേസമയം തിരിച്ച് ഇതിലേക്ക് കിടത്തുക. ഇനി സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റാവുന്നതാണ്.
നട്ടെല്ലിന് പരിക്കുപറ്റിയ ആളെ എങ്ങനെ തിരിച്ചറിയാം
ബോധമുള്ളയാളാണെങ്കിൽ കഴുത്തിനോ നടുവിനോ ഉള്ള വേദന, കൈകാലുകളിലേക്കുള്ള മരവിപ്പ്, ബലക്കുറവ് ഇതൊക്കെ ലക്ഷണങ്ങളാണ്. ബോധമില്ലെങ്കിൽ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന് അനുമാനിച്ചുവേണം പിന്നീടുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. ഇങ്ങനെയുള്ള ആളുകളെ തൂക്കിയെടുത്തോ മടക്കിയോ ഒക്കെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുമ്പോൾ സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കുകയും ആൾ ശിഷ്ടകാലം കൈകാലുകൾ തളർന്ന് കിടപ്പിലായിപ്പോവുകയും ചെയ്തേക്കാം. അതുകൊണ്ട് നട്ടെല്ലിന്റെ ചലനങ്ങൾ പരമാവധി ഒഴിവാക്കുന്ന തരത്തിലായിരിക്കണം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടത്
തലയ്ക്കു പരിക്കേറ്റെന്ന് എങ്ങനെ തിരിച്ചറിയാം
ഇരുചക്രവാഹന അപകടങ്ങളിൽ പലപ്പോഴും മരണകാരണമാകുന്നത് തലയ്ക്ക് ഏൽക്കുന്ന പരിക്കാണ്. തലയ്ക്ക് പരിക്കേറ്റ ആളെ എങ്ങനെ തിരിച്ചറിയാം എന്നത് പ്രധാനമാണ്. അപകടത്തിന് ശേഷം ആൾ പൂർണ അബോധാവസ്ഥയിൽ ആണെങ്കിൽ അത് ഗുരുതരമായ ഹെഡ് ഇഞ്ച്വറി ആകാൻ സാധ്യതയുണ്ട്. അർധബോധാവസ്ഥ, പരസ്പരം ബന്ധമില്ലാതെ സംസാരിക്കുക, തുടർച്ചയായ ഛർദി, ചെവിയിലൂടെയോ മുക്കിലൂടെയോ രക്തം വരുക, അപസ്മാരം ഇതൊക്കെ തലയ്ക്കു പരിക്കേറ്റതിന്റെ ലക്ഷണങ്ങളാണ്.
ഇരുചക്രവാഹന യാത്രക്കാരെ തലയ്ക്കുള്ള പരിക്കിൽനിന്ന് രക്ഷിക്കാനുള്ള കവചമാണ് ഹെൽമെറ്റ്. ഫുൾ ഫേസ് ഹെൽമെറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ മുഖത്തെ എല്ലുകൾക്കുണ്ടാകുന്ന പരിക്കുകൾ കുടി ഒഴിവാക്കാൻ പറ്റും. ഹെൽമെറ്റിന്റെ പ്രയോജനം ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ അതിന്റെ ക്ലിപ്പ് (Chin strap) ഇട്ടു എന്നുകൂടി ഉറപ്പുവരുത്തണം.
ഹെൽമെറ്റ് ഊരേണ്ട വിധം
ഹെൽമെറ്റ് ധരിച്ച ആൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ ശരിയായ രീതിയിൽ, കഴുത്തിന്റെ ചലനങ്ങൾ പരമാവധി കുറച്ചുവേണം ഹെൽമെറ്റ് ഊരിമാറ്റാൻ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ കഴുത്തിലെ നട്ടെല്ലിന്റെ ഭാഗത്തിന് പരിക്കുപറ്റിയിട്ടുണ്ടെങ്കിൽ കഴുത്ത് മടക്കിയും ചരിച്ചുമെല്ലാം ഹെൽമെറ്റ് ഊരുമ്പോൾ സുഷുമ്നാനാഡിക്ക് ക്ഷതം പറ്റുകയും കൈകാലുകൾ തളർന്നു പോവുകയും ചെയ്തേക്കാം.
- സുരക്ഷിതമായി ഹെൽമെറ്റ് ഊരിമാറ്റുന്നതിന് ചുരുങ്ങിയത് രണ്ട് പേരെങ്കിലും വേണം. ഒരാൾ പരിക്കേറ്റ ആളുടെ തലഭാഗത്തും രണ്ടാമത്തെയാൾ കഴുത്തിന്റെ ഭാഗത്തും നിൽക്കുക. കഴുത്തിന്റെ ഭാഗത്തുനിൽക്കുന്ന ആൾ ആദ്യം ഹെൽമെറ്റിന്റെ ക്ലിപ് ഊരുക.
- അതിനുശേഷം ചിത്രത്തിൽ (ചിത്രം1, 2) കാണിച്ചിരിക്കുന്നതുപോലെ ഹെൽമെറ്റിന്റെ ഉള്ളിൽ കൈ കടത്തി, രണ്ട് തള്ളവിരലുകളും താടിയെല്ലിന്റെ ഇരുവശങ്ങളിലുമായി അമർത്തിവയ്ക്കുക.
- രണ്ട് കൈയിന്റെയും മറ്റ് നാലുവിരലുകൾ കൊണ്ട് തലയുടെ പിൻഭാഗം സപ്പോർട്ട് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴുത്തിന്റെ ചലനങ്ങൾ പരമാവധി കുറയുകയും ശേഷം തലഭാഗത്ത് നിൽക്കുന്ന ആൾ ഹെൽമെറ്റിന്റെ താഴെഭാഗം മുകളിലേക്ക് ഉയർത്തുകയും ചരിക്കുകയും ചെയ്ത് സാവധാനം ഹെൽമെറ്റ് ഊരിമാറ്റാവുന്നതാണ്.
- അതിനുശേഷം ഒരു കോളറോ അതില്ലെങ്കിൽ ഒരു ന്യൂസ്പേപ്പറോ ഉപയോഗിച്ച് കഴുത്ത് സപ്പോർട്ട് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുക.
ശരീരഭാഗങ്ങൾ അറ്റുപോയാൽ
വാഹനാപകടങ്ങളിൽ പെട്ടോ യന്ത്രഭാഗങ്ങളിൽ കുടുങ്ങിയോ മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് ജോലിചെയ്യുമ്പോഴോ ചിലപ്പോൾ വിരലുകൾ, കൈപ്പത്തി പോലുള്ള ശരീരഭാഗങ്ങൾ അറ്റുപോകാറുണ്ട്. ഇങ്ങനെ അറ്റുപോയ ശരീരഭാഗങ്ങൾ തുന്നിച്ചേർക്കുന്നതിനുള്ള ചികിത്സ ഇന്ന് മിക്ക ആശുപത്രികളിലും ലഭ്യമാണ്. പക്ഷേ, അറ്റുപോയ ഭാഗങ്ങൾ ശരിയായ രീതിയിലല്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് എങ്കിൽ ഇത് വിജയകരമാകണമെന്നില്ല.
അറ്റുപോയ ശരീരഭാഗം പറ്റുമെങ്കിൽ ആദ്യം വെള്ളമുപയോഗിച്ച് കഴുകുക. അതിനുശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത ഒരു തുണികൊണ്ട് അറ്റുപോയ ഭാഗം മൂടിയതിനുശേഷം ഒരു വൃത്തിയുള്ള പ്ലാസ്റ്റിക് കവറിൽ ഇടുക. ഈ കവർ വെള്ളത്തിലോ ഐസിലോ വെച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാവുന്നതാണ്. ഒരിക്കലും നേരിട്ട് ഐസിലോ വെള്ളത്തിലോ ഇട്ട് കൊണ്ടുപോകരുത്.
Share Us: