പലപ്പോഴും സങ്കടം അമിതമായ ദേഷ്യമായി മാറുന്നു; മനസിനുണ്ടാകുന്ന താളപ്പിഴകള്‍ തിരിച്ചറിയാതെ പോകരുത്
- അഞ്ജു കെ
- 24 November 2023
- Community Awareness
പലരും മുന്‍വിധികളോടെ കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ് മാനസികാരോഗ്യം. നമ്മള്‍ ശാരീരിക ആരോഗ്യത്തിനു എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുവോ അത്ര തന്നെ പ്രാധാന്യം നല്‍കേണ്ട വിഷയമാണ് മാനസികാരോഗ്യവും.
എന്നാല്‍ മാനസികാരോഗ്യത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ അവബോധം പലര്‍ക്കുമില്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ സമയാസമയം കൃത്യമായി മനസിലാക്കാതിരിക്കുന്നതും അവ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തതും അവയെക്കുറിച്ചു വേണ്ട രീതിയില്‍ ആശയവിനിമയം നടത്തുവാന്‍ കഴിയാത്തതുമായ അവസ്ഥ പലപ്പോഴുമുണ്ടാകാറുണ്ട്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് കരുതും, തങ്ങളുടെ ഭാവിയെ ഇത് ബാധിക്കുമോ എന്നുള്ള ഭയം എന്നിവയൊക്കെ മൂലം മാനസിക പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറയാന്‍ പലരും മടിക്കുന്നു.
എന്താണ് മാനസികാരോഗ്യം
തന്റെ കഴിവുകള്‍ തിരിച്ചറിയുന്നതിനും ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥയാണ് മാനസികാരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന മാനസികാരോഗ്യത്തിനു നല്‍കിയിരിക്കുന്ന നിര്‍വചനം.
ഇമോഷണല്‍ വെല്‍ബീയിങ്
നമ്മുടെ വികാരങ്ങളെ മനസിലാക്കുകയും അവയെ വേണ്ടരീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. എപ്പോഴും സന്തോഷമായിട്ടിരിക്കുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം അത് ആര്‍ക്കും എപ്പോഴും സാധിക്കുന്ന ഒരു കാര്യമല്ല. നമ്മുടെ വികാരമണ്ഡലം എന്ന് പറയുന്നത് സന്തോഷവും വിഷമവും സമ്മര്‍ദ്ദങ്ങളുമെല്ലാം ഒത്തുചേര്‍ന്ന ഒരു സ്ഥിതിവിശേഷമാണ്. പക്ഷേ, നമ്മള്‍ കടന്നുപോകുന്ന വികാരങ്ങളെ സമയാസമയം കൃത്യമായി തിരിച്ചറിയുകയും അത് മറ്റുള്ളവരെ ബാധിക്കാത്ത രീതിയില്‍ അവതരിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കഴിയുക എന്നതാണ് ഒരു വ്യക്തിയുടെ ഇമോഷണല്‍ വെല്‍ബീയിങ് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
അതായത് നമ്മള്‍ വിഷമം നിറഞ്ഞ ഒരു സാഹചര്യത്തിലൂടെ മുന്നോട്ട് പോകുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും നമുക്ക് ദേഷ്യം വന്നേക്കാം. എന്നാല്‍ അത് ദേഷ്യം ആണെന്ന് തെറ്റിദ്ധരിക്കാതെ അതിന്റെ ശരിയായ കാരണം നമ്മുടെ ഉള്ളിലെ വിഷമം ആണെന്ന് മനസിലാക്കി അത് ആ രീതിയില്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ശരിയായ രീതിയില്‍ വിഷമത്തെ കൈകാര്യം ചെയ്താല്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും വരാതെ നമുക്ക് ദേഷ്യത്തെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ കഴിയും.
കൗമാരക്കാരുടെ മാതാപിതാക്കള്‍ മനസിലാക്കാതെ പോകുന്ന വലിയ ഒരു പ്രയാസമാണ് ഇത്. തങ്ങളുടെ കുട്ടി അമിതമായി ദേഷ്യപ്പെടുന്നു, അനാവശ്യമായി കരയുന്നു എന്നൊക്കെ ധാരാളം മാതാപിതാക്കള്‍ അവരുടെ വിഷമം പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിന്റെ അടിസ്ഥാന കാരണം എന്താണെന്നു അന്വേഷിക്കാനോ മനസ്സിലാക്കാനോ അതിനനുസരിച്ചു തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ മാനസികധൈര്യം പകര്‍ന്നു നല്‍കുന്നതിനോ ഈ മാതാപിതാക്കള്‍ക്ക് കഴിയാതെ പോകുന്നു.
മാതാപിതാക്കളുടെയും മക്കളുടെയും ഇടയില്‍ ശരിയായ ആശയവിനിമയം നടക്കാത്തതാണ് ഇതിനുള്ള കാരണം. കുട്ടിക്കാലം തൊട്ടേ കുട്ടികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ തങ്ങളോട് തുറന്നു പറയുന്നതിനുള്ള അവസരങ്ങള്‍ നല്‍കാതെ കൗമാരകാലത്ത് അത് ചെയ്യണം എന്ന് കുട്ടികളോട് ആവശ്യപ്പെടുന്ന മാതാപിതാക്കളാണ് പ്രധാനമായും ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്.
ബിഹേവിയറല്‍ വെല്‍ബീയിങ്
ഒരു പ്രത്യേക സാഹചര്യത്തില്‍ നമ്മള്‍ എങ്ങനെ പെരുമാറണം, അല്ലെങ്കില്‍ പ്രതികരിക്കണം എന്നതിനെ ആണ് ബിഹേവിയറല്‍ വെല്‍ബീയിങ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള പെരുമാറ്റവും പ്രതികരണവും മോശമായി വരുമ്പോള്‍ അത് നമ്മുടെ ബന്ധങ്ങളെയും ജോലിയെയും സൗഹൃദങ്ങളെയും പടിപടിയായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കോഗ്നിറ്റീവ് വെല്‍ബീയിങ്
നമ്മുടെ ചിന്താതലത്തിലുള്ള സമതുലനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ചു ചിന്തിച്ചു നല്ല രീതിയില്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്തു മുന്നോട്ടു പോവുക, ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ കൃത്യമായി ആലോചിച്ചു അതിന്റെ വഴികള്‍ കണ്ടെത്തി മുന്നോട്ടുപോവുക, പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവയെ നല്ല രീതിയില്‍ തന്നെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നുണ്ടോ, ചിന്തകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ആണ് കോഗ്നിറ്റീവ് വെല്‍ബീയിങ്ങിന്റെ പ്രധാന ഘടകങ്ങള്‍.
നമ്മുടെ ചിന്തകള്‍ തന്നെ നമുക്കെതിരെ പ്രവര്‍ത്തിക്കുന്നത് വളരെ പ്രയാസകരമായ ഒരു അവസ്ഥയാണ്. നമ്മുടെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാതെ വരിക, അവയെ കൃത്യമായി മനസിലാക്കാനും പ്രവര്‍ത്തിക്കാനും സാധിക്കാതെ ഇരിക്കുക എന്നൊക്കെ വരുമ്പോള്‍ അത് വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗൗരവതരമാണ്.
മാനസികാരോഗ്യം എന്നത് ഒരാളുടെ ഇമോഷണല്‍ വെല്‍ബീയിങ്, ബിഹേവിയറല്‍ വെല്‍ബീയിങ്, കോഗ്നിറ്റീവ് വെല്‍ബീയിങ് എന്നിവ വളരെ നല്ല രീതിയില്‍ ബാലന്‍സ് ചെയ്ത് പോകുന്നതിനുള്ള ശേഷിയാണ്.
നല്ല മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ചുവടെ പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തുക:
– ചിട്ടയായ ഉറക്കം.
– വ്യായാമം.
– Self care/me time – അതായത് അവനവനു വേണ്ടി നിര്‍ബന്ധമായും കുറച്ചു സമയം കണ്ടെത്തിയിരിക്കണം.
ഇതൊക്കെ ചെയ്തിട്ടും ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഒന്നും പ്രകടമാവുന്നില്ല എങ്കില്‍ നിങ്ങള്‍ ഒട്ടും സമയം പാഴാക്കാതെ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതാണ്.
Share Us: